ചിറ്റൂർ: സ്വകാര്യവ്യക്തിയുടെ കിണർ ശുചീകരിക്കുന്നതിനിടെ വെള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കമ്പിളി നെടുങ്ങോട് സ്വദേശി മുരുകദാസ് (50) ആണു മരിച്ചത്. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം.
കമ്പിളിയിൽ സ്വകാര്യവ്യക്തിയുടെ കിണറിന്റെ ഉൾഭാഗം വൃത്തിയാക്കുന്നതിനായി ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ സഹായത്തോടെ ശരീരത്തിൽ കയർ കെട്ടിയാണ് മുരുകദാസ് ഇറങ്ങിയത്. ജലനിരപ്പിന്റെ സമീപത്തുള്ള പടിക്കെട്ടിലെത്തിയപ്പോൾ കയർ അഴിച്ചുമാറ്റിയിരുന്നു. തുടർന്ന് ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വെള്ളത്തിൽ വീണു താഴുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: കല്യാണി. മക്കൾ: കാവ്യ, മിഥുന.